Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-05-19

കെട്ടിയോള്‍


അവള്‍
കരിങ്കല്ല് കൊണ്ട് തീര്‍ത്ത-
ഹൃദയഭിത്തി പൊള്ളിച്ചവള്‍
കാണാകയത്തിനാഴം തേടിയലഞവള്‍
വിടവുകള്‍ വിളക്കി ബന്ധം 
നിലനിര്‍ത്തിയോള്‍

അവസാനശ്വാസം വരെ വീണിടത്തുരുണ്ട്
അന്ധാളിപ്പിന്റെ കനല്‍ ചവുട്ടി 
പ്രതീക്ഷയുടെ നക്ഷത്രവെളിച്ചം പകര്‍ന്നവള്‍
കര്‍മ്മ കാണ്‍ഡത്തിലുറച്ചു-
നിന്നാനല്ല ശീലങ്ങള്‍ 
രാവുറങ്ങും വരെയുറക്കെ പാടിയോള്‍
കടക്കെണികോളിലൊരു ഞാണ്‍ കയര്‍ 
കഴുത്തില്‍ മുറുക്കുവാനായവേ, യരുതെ-
ന്നോതി, മുടിമാടിയൊതിക്കിയോള്‍

നാളുകള്‍ നീളവേ ശീലങ്ങള്‍ മാറവേ,
വെളിച്ചം കെട്ടോടുങ്ങി ഇരുട്ട് പടരവേ-
അന്തിതിരിയിലൂറ്റി സ്വന്തം രക്തം 
പകര്‍ന്നവള്‍ ; സ്വയമെരിഞ്ഞവള്‍
കല്ലിച്ച നോവായവളിന്നുമെന്നും 
കാലം കഴിക്കുന്നു.
ഒരു നേരമെങ്കിലും, വെറുതെയെങ്കിലും
എല്ലാം നേരെയാകുമെന്നാശിച്ചു പോകുന്നു.

Back to TOP