Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2009-12-03

ജ്യോനവന്‍ നീ എവിടെയാണ്‌..?





ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
അറിയാമായിരുന്നല്ലേ,
എല്ലാമറിയാമായിരുന്നല്ലേ,
പറഞ്ഞിട്ടും
അറിയാതെപോയവര്‍ ഞങ്ങള്‍.

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
മൗനത്തിലൂടെ നീ പറഞ്ഞതെത്ര ശരി.
അവസാനമെഴുതിയ കവിത പോലും
വേദനയുടെ ചില്ലക്ഷരങ്ങളായി
നെഞ്ചകം വലിച്ച് കീറുന്നു.

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
നിന്റെ പൊട്ടക്കലമിന്നനാഥം

നീ നിറച്ച കവിതകളാല്‍
പിന്നെയും പിന്നെയും തുളുമ്പുന്നു,
തുളവീണതറിയാതെ.

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
എവിടെയോ
മറന്ന് വെച്ച് പോയ
പുസ്തകത്താളുകള്‍
തേടിപോയതാണോ..?

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?
എഴുതിയ വരികള്‍ മതിയിനിയെന്നും
നിന്നെ ഓര്‍ക്കുവാന്‍
അത് മാത്രമേയുള്ളിവിടെയെന്നും
നീ നിറഞ്ഞ് തുളുമ്പുവാന്‍

ജ്യോനവന്‍ നീയിന്നെവിടെയാണ്‌..?
എല്ലാമനാഥമാക്കി പോയതെന്തേ..?

© റ്റോംസ് കോനുമഠം

4 comments:

Dr. Indhumenon said...

ജ്യോനവ്നെ പറ്റിയുള്ള കവിത മനോഹരമായിരിക്കുന്നു. എല്ലായിപ്പോഴും നമുക്ക് നഷടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്‌. കവിയെ ഓര്‍ത്തതിന്‌ പ്രത്യേകം നന്ദി..

അരുണ്‍ കൊട്ടിയം said...

ജ്യോനവന്‍ എന്റെ ആത്മമിത്രമായിരുന്നു..നന്ദി..നന്ദി..ഒരുപാട്..
എനിക്ക് കഴിയാത്തതാണ്‌ ചേട്ടന്‍ ചെയ്തത്..

Unknown said...

എന്റെ കവിതകള്‍ ശ്രദ്ധിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷം. അഭിപ്രായത്തിന്‌ നന്ദി.

Mohamedkutty മുഹമ്മദുകുട്ടി said...

എനിക്കു ജ്യോനവനെപ്പറ്റി അറിയാന്‍ കഴിഞ്ഞത് തന്നെ അദ്ദേഹത്തിന്റെ ബോഡി കൊണ്ടു വരുന്ന ദിവസം ഒരു ബ്ലോഗര്‍ വിളിച്ചു പറഞ്ഞപ്പോഴാണ്. അതിനു ശേഷമാണ് ഞാന്‍ അവന്റെ കൃതികള്‍ വായിക്കുന്നത് അവസാന കവിത അറം പറ്റിയ പോലെ! വല്ല ഉള്‍വിളിയുമായിരിക്കാം.താങ്കളുടെ അനുസ്മരണം നന്നായി.
കമന്റിലെ Word verification ഒഴിവാക്കിയാലെന്താ?

Back to TOP