Ind disable
റ്റോംസ്‌ കോനുമഠത്തിന്‍റെ കവിതകള്‍
2010-03-14

ഉദരഭോജനം

വെന്തുരുകുന്ന ചൂടില്‍
കൊയിലാണ്ടിക്കാരന്‍ മമ്മത്
തുടച്ചെറിഞ്ഞത്
പകലന്തിയോളമുള്ള വിയര്‍പ്പ്.
അത് നിലത്തു വീണ്കിടന്നു-
മമ്മതിനെ നോക്കി അലറിക്കരഞ്ഞു:
"ന്നാലും ജ്ജ് ഞമ്മളെ ബേണ്ടാന്നു ബെച്ചൂലൊ"

മമ്മത് വീണ്ടും പണി തുടര്‍ന്നു.

ദൈവമേ,
ഏതു ജന്മത്തിലിനി നീ ഞങ്ങള്‍ക്ക്
സ്വസ്ഥത നല്‍കും
കിടന്നുറങ്ങാന്‍ ആറടി മണ്ണ് നല്‍കും
ഏതു രാത്രിയില്‍
വെറുതെ ഒന്ന് കന്നടച്ചുറങ്ങും.
എനിക്ക് മടുത്തു
ഈ മരുഭൂവാസം, പക്ഷെങ്കിലെവിടെ
പോകും ഇനിയുള്ള കാലം

മമ്മത് നാട്ടില്‍ കമ്മ്യൂണിസ്റ്റായിരുന്നു.
എന്നിട്ടും തോറ്റുപോയി.
ദേശത്തുനിന്നും നാടുകടത്തപ്പെട്ട-
ഏകാന്തവാസിയുടെ രോദനം-
കേള്‍ക്കുവാന്‍ ആര്‍ക്കു സമയം...?

ഒന്ന് ഗതിപ്പിടിക്കുവാനിനി
എത്ര നാള്‍ വേണം
ആ.. അറിയില്ല..
മമ്മതിനൊന്നുമറിയില്ല.
അയാള്‍ക്കിത്ര മാത്രമറിയാം
തീരുന്നെങ്കില്‍ അതിവിടെ-
വെച്ചേതായാലും വേണ്ടാ.

ഉദരം കരിഞ്ഞു മണക്കുമ്പോഴും
അയാള്‍ക്ക്‌ വേവലാതി
നാട്ടിലടുപ്പിലെന്തുണ്ട്...?
പൊരിവെയിലില്‍ കറുത്തിരുണ്ട-
ശരീരം
അയാള്‍ മറന്നേപോയി.

മമ്മതേ നീ ജീവിക്കാന്‍
മറന്നുപോയവന്‍...എന്നിട്ടും ...
മമ്മത് വീണ്ടും പണി തുടര്‍ന്നു.

2010-03-06

മറുക്

ളില്ലാത്ത തക്കം നോക്കി
ആമിനതാത്തയുടെ വീട്ടില്‍
ഒളിഞ്ഞു നോക്കിയതിനു
നാട്ടുകാരവനെ തെങ്ങില്‍ കെട്ടിയിട്ടു.
എന്നിട്ടുമവന്‍ കരഞ്ഞില്ല.
അപ്പോഴുമവന്‍
കൂട്ടുകാരന്‍ പറഞ്ഞ-
ആമിനതാത്തയുടെ മറുക്
കാണാന്‍ പറ്റിയില്ലല്ലോയെന്ന-
സങ്കടത്തിലായിരുന്നു.

ആളൊഴിഞ്ഞ നേരം
ആമിനതാത്ത ചോദിച്ചു :
"എന്നാത്തിനായിരുന്നു
പാത്തും പതുങ്ങിയും..."
അവന്‍ തൊണ്ടവരണ്ടു കണ്ണുമിഴിച്ചു.
"പൂതിയൊണ്ടെ പറഞ്ഞാ പോരെ..."

ആമിനതാത്ത കണ്ണുകളിറുക്കിയടച്ചപ്പോഴു-
മവന്‍ മറ്റൊരു ലോകത്തിലായിരുന്നു.
"എവിടെയാണാ വലിയ മറുക്"

2010-03-03

പനി

ല്ലാത്ത പനി ചൂടുള്ള പനി

മുത്തശ്ശി ഇന്നാള്‍ പറഞ്ഞൂ :
"കുട്ടിയേയ്, ചുക്കിട്ട കുരുമുളക്കാപ്പി
മൂടിപ്പുതച്ചൊരു കണ്ണടയ്‌ക്കല്‍"

വല്ലാത്ത പനി ചൂടുള്ള പനി

അമ്മ പറയുന്നതിങ്ങനെ :
"കുട്ടിയേ, ഡാകിട്ടരെ-
ഇന്ന് തന്നെ ചെന്ന്‌ കണ്ടിട്ടു മതിയെന്തും."

വല്ലാത്ത പനി ചൂടുള്ള പനി

കൂട്ടുകാരന്‍ പറഞ്ഞു :
"നിനക്കെന്താ വട്ടാ..
ഡോക്ടര്‍ക്ക് കൊടുക്കാനുള്ളതിങ്ങെടുക്ക്,
ദേ, ഇതങ്ങ് പിടി...
ഒറ്റവലിയ്ക്കങ്ങകത്താക്കിക്കോ
പനി പറേന്നനേരം കൊണ്ട് പമ്പ കടക്കും"

ഞാന്‍ ആരെ അനുസരിക്കും...?

ഇന്ന് എനിക്ക് പനി കുറവുണ്ട്.
കൂട്ടുകാരന്‍റെ ഒറ്റമൂലിക്ക് നന്ദി.

Back to TOP