
വെന്തുരുകുന്ന ചൂടില്‍
കൊയിലാണ്ടിക്കാരന് മമ്മത്
തുടച്ചെറിഞ്ഞത്
പകലന്തിയോളമുള്ള വിയര്‍പ്പ്.
അത് നിലത്തു വീണ്കിടന്നു-
മമ്മതിനെ നോക്കി അലറിക്കരഞ്ഞു:
"ന്നാലും ജ്ജ് ഞമ്മളെ ബേണ്ടാന്നു ബെച്ചൂലൊ"
മമ്മത് വീണ്ടും പണി തുടര്‍ന്നു.
ദൈവമേ,
ഏതു ജന്മത്തിലിനി നീ ഞങ്ങള്‍ക്ക്
സ്വസ്ഥത നല്‍കും
കിടന്നുറങ്ങാന്‍ ആറടി മണ്ണ് നല്‍കും
ഏതു രാത്രിയില്‍
വെറുതെ ഒന്ന് കന്നടച്ചുറങ്ങും.
എനിക്ക് മടുത്തു
ഈ മരുഭൂവാസം, പക്ഷെങ്കിലെവിടെ
പോകും ഇനിയുള്ള കാലം
മമ്മത് നാട്ടില്‍ കമ്മ്യൂണിസ്റ്റായിരുന്നു.
എന്നിട്ടും തോറ്റുപോയി.
ദേശത്തുനിന്നും നാടുകടത്തപ്പെട്ട-
ഏകാന്തവാസിയുടെ രോദനം-
കേള്‍ക്കുവാന്‍ ആര്‍ക്കു സമയം...?
ഒന്ന് ഗതിപ്പിടിക്കുവാനിനി
എത്ര നാള് വേണം
ആ.. അറിയില്ല..
മമ്മതിനൊന്നുമറിയില്ല.
അയാള്‍ക്കിത്ര മാത്രമറിയാം
തീരുന്നെങ്കില്‍ അതിവിടെ-
വെച്ചേതായാലും വേണ്ടാ.
ഉദരം കരിഞ്ഞു മണക്കുമ്പോഴും
അയാള്‍ക്ക് വേവലാതി
നാട്ടിലടുപ്പിലെന്തുണ്ട്...?
പൊരിവെയിലില്‍ കറുത്തിരുണ്ട-
ശരീരം
അയാള്‍ മറന്നേപോയി.
മമ്മതേ നീ ജീവിക്കാന്‍
മറന്നുപോയവന്...എന്നിട്ടും ...
മമ്മത് വീണ്ടും പണി തുടര്‍ന്നു.